രക്തദാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

രക്തദാനം മഹാദാനം എന്നാണ് പറയപ്പെടുന്നത്. രക്തദാനം നമ്മുടെ ആരോഗ്യത്തിനും ശരീരത്തിനും ഒട്ടേറെ ഗുണം ചെയ്യും. എന്നാൽ, രക്തം സ്വീകരിക്കുമ്പോഴും നൽകുമ്പോഴും ദാതാവും സ്വീകർത്താവും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

പതിനെട്ട് വയസ് പൂർത്തിയായവരിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കുകയുള്ളു. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്. രക്തം സ്വീകരിക്കുന്നതിന് മുൻപെ ദാതാവിന് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.

രക്തം സ്വീകരിച്ചാൽ ചിലർക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇതിന് കാരണം. പനിയോടൊപ്പം നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. ചിലർക്ക് ശരീരത്തിൽ ചൊറിച്ചിലും തടിച്ച് ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.

മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തവും സ്വീകരിക്കരുത്. ഹൃദ്രോഗം, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികൾ, ഗർഭിണിയായ സ്ത്രീകൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യരുത്. സ്ത്രീകൾ ആർത്തവസമയത്ത് രക്തം നൽകരുത്. രക്തം ദാനം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം ആവശ്യമാണ്. ഈ നേരത്ത് ജ്യൂസോ മറ്റ് പാനീയങ്ങളോ കഴിക്കാം. കഠിനമായ ജോലിയോ കായികവ്യായാമങ്ങളോ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.