എഎഫ്‌സി അണ്ടര്‍ 20: കുവൈത്ത് വേദിയാകും

കുവൈത്ത് സിറ്റി: ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അണ്ടര്‍ 20 യോഗ്യത മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാകും. ഒക്ടോബര്‍ 14 മുതല്‍ 18 വരെ കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍.

ഗ്രൂപ് എച്ചില്‍ ആസ്ട്രേലിയ, ഇന്ത്യ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. നേരത്തേ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയ ആസ്ട്രേലിയയെ എ.എഫ്.സി മത്സര സമിതിയുടെ അംഗീകാരത്തെ തുടര്‍ന്ന് ഗ്രൂപ്പിലേക്ക് തിരിച്ചെടുത്തതായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ 18 വരെ ഉസ്ബകിസ്താനിലാണ് എ.എഫ്.സി അണ്ടര്‍-20 ടൂര്‍ണമെന്റ്. യോഗ്യത റൗണ്ടിലെ മികച്ച ആദ്യ രണ്ടു ടീമുകള്‍ ഉസ്ബകിസ്താനിലേക്ക് യോഗ്യത നേടും. വിവിധ ഇടങ്ങളില്‍ മറ്റു യോഗ്യത മത്സരങ്ങള്‍ നടന്നുവരുകയാണ്. കോവിഡിനുശേഷം എ.എഫ്.സിയുടെ മത്സരരംഗത്തേക്കുള്ള മടങ്ങിവരവായാണ് അണ്ടര്‍ 20 മത്സരങ്ങളെ വിലയിരുത്തുന്നത്.