തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്; ഹൈക്കോടതി

കൊച്ചി: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പൊതു അവബോധത്തിനായി പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിക്കണം. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായുള്ള സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം തൃപ്പൂണിത്തുറയിൽ എരൂരിൽ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.

നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുന്നത്. ശല്യം രൂക്ഷമായതോടെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പോലീസ് നിഗമനം.