രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലേക്ക്; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കും. സെപ്തംബർ 17 നാണ് ദ്രൗപതി മുർമുലണ്ടനിലെത്തുക. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ദ്രൗപതി മുർമു കേന്ദ്രസർക്കാരിന് വേണ്ടി അനുശോചനം അറിയിക്കും. സെപ്തംബർ 19 വരെ രാഷ്ട്രപതി ലണ്ടനിലുണ്ടാകും. സെപ്തംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കുക.

സെപ്തംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ എലിസബത്ത് രാജ്ഞി കഴിഞ്ഞിരുന്നത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് എലിസബത്ത് രാജ്ഞിയ്ക്ക് സ്വന്തമാണ്.

1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ രാജ്ഞി ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്.