മിസിംഗ് കേസുകള്‍ വര്‍ധിക്കുന്നു; കാണാതാകുന്നവരില്‍ കൂടുതല്‍ പെണ്‍കുട്ടികളും വീട്ടമ്മമാരും; റിപ്പോര്‍ട്ട്‌

പത്തനംതിട്ട: നിരവധി മാന്‍ മിസിംഗ് കേസുകളാണ് ജില്ലയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നതില്‍ കൂടുതലും. ആണ്‍കുട്ടികളും കാണാതാകുന്നവരിലുണ്ട്. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങുന്നവരാണ് ഇതില്‍ അധികവും. ഒരുമാസം മുപ്പത് മുതല്‍ നാല്‍പ്പത്താറ് പേരെ വരെ ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ തിരിച്ച് വരാത്തവരും കണ്ടെത്താന്‍ കഴിയാത്തവരുമുണ്ട്.

അതേസമയം, വീട്ടില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ഒരു ലോഡ്ജിലാണ്. ഇത്തരത്തില്‍ പ്രണയത്തിന്റെ പേരില്‍ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും കാണാതാകുന്ന പട്ടികയിലുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ വരെ വന്‍ ചതിക്കുഴികളാണ് കാത്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നാല്‍പ്പത്തിരണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 28 പേരും പെണ്‍കുട്ടികളാണ്. പന്ത്രണ്ട് ആണ്‍കുട്ടികളും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇതില്‍പ്പെടും. ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എല്ലാ മാസവും ഇതേ രീതിയില്‍ കണക്കുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

2022 ല്‍ കാണാതായവരുടെ എണ്ണം

ജനുവരി : 42

ഫെബ്രുവരി : 33

മാര്‍ച്ച് : 36

ഏപ്രില്‍ : 46

മേയ് : 45

ജൂണ്‍ : 44

ജൂലായ് : 45