അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടും; കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ: അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അറിയിച്ചു. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, കണ്ണൂരിൽ ഇന്നു മുതൽ തെരുവ് നായ്ക്കൾക്ക് വാക്‌സിൻ നൽകുമെന്നും വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി.

ലൈസൻസ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധമാക്കും. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന മൃഗസ്‌നേഹികളെ ആക്രമിക്കാനോ വിലക്കാനോ പാടില്ലെന്നും കണ്ണൂരിൽ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പുതിയ എബിസി കേന്ദ്രം സെപ്തംബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്നും പി പി ദിവ്യ പറഞ്ഞു.

എന്നാൽ, കേരളത്തിലെ പേവിഷ വാക്‌സിന്റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു. സംഭരണവും വാക്‌സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.