തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയിട്ട് ഇനിയെന്ത് പഠിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടാഴ്ചത്തെ വിദേശ സന്ദർശനത്തിന് പോകുന്നതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. കടമെടുത്ത് ഓവർ ട്രാഫ്റ്റ് പരിധിയും കഴിഞ്ഞ് നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുകയാണ്. നേതാക്കളുടെ പ്രതികരണങ്ങളിലൂടെ സിപിഎമ്മിന്റെ ഭയപ്പാടാണ് പുറത്തുവരുന്നത്. ജോഡോ യാത്ര മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടിവരികയാണ്. ഉജ്വല വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

