ഡല്‍ഹി: റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും ഇനി മുതല്‍ സ്വകാര്യ കമ്പനികളും നിര്‍വ്വഹിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ് സോമനാഥ് അറിയിച്ചു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരാറെടുത്ത കമ്പനികളും അവര്‍ തിരഞ്ഞെടുക്കുന്ന ഇരുപതോളം കമ്പനികളും ചേര്‍ന്നുള്ള കണ്‍സോഷ്യം അടുത്ത നാല് വര്‍ഷത്തിനിടെ അഞ്ച് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ നടത്തും. ഈ അഞ്ച് വിക്ഷേപണങ്ങള്‍ക്കും ഐഎസ്ആര്‍ഒ സഹായം നല്‍കും. പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും കണ്‍സോഷ്യമാണ് നിര്‍വ്വഹിക്കുക എങ്കിലും വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വിക്ഷേപണത്തറയില്‍ നിന്ന് ആയിരിക്കും. അടുത്ത സെപ്റ്റംബര്‍ മാസത്തിനകം ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണം സാധ്യമാകും. ലോകത്ത് തന്നെ ഈ മാതൃക ആദ്യമാണ്. ചിലവ് കുറഞ്ഞ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്പേസ് എക്സ് പോലുള്ള സ്ഥാപനങ്ങള്‍ ഐഎസ്ആര്‍ഒ നല്‍കുന്നതിലും കുറഞ്ഞ തുകയ്ക്ക് ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നു. ഈ അവസരത്തില്‍ കൂടുതല്‍ ചിലവ് കുറച്ച് പിഎസ്എല്‍വി വിക്ഷേപണം നടത്താനും മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാനും സ്വകാര്യ കണ്‍സോഷ്യവുമായുള്ള സഹകരണത്തിലൂടെ സാധ്യമാകും’- എന്ന് ഡോ.എസ് സോമനാഥ് വ്യക്തമാക്കി.
അതേസമയം, നിലവില്‍ ഇന്ത്യയില്‍ എല്ലാ വിക്ഷേപണവും ഐഎസ്ആര്‍ഒയാണ് നടത്തുന്നത്. ഇതിന് പകരം സ്വകാര്യ കണ്‍സോഷ്യം കൂടി വരുമ്പോള്‍ ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികളുടെ മത്സരവും വാണിജ്യ നേട്ടം കണക്കാക്കിയുള്ള ഇടപെടലുകളും സജീവമാകും.

