കിഡ്നി സ്റ്റോൺ അകറ്റാൻ കിവി; ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ

പോഷക ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻനിരയിലുള്ള ഫലവർഗമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നറിയപ്പെടുന്ന കിവിയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. വിറ്റാമിൻ സിയുടെ കലവറയാണ് കിവിപ്പഴം. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോൺ, എന്നിവ ഒഴിവാക്കാൻ കിവിപ്പഴം കവിക്കുന്നത് സഹായിക്കും.

ഗർഭിണികൾ കിവിപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി കിവിപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാർക്കുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, സിങ്ക് തുടങ്ങിയ ഘടകങ്ങളും കിവിയിൽ ധാരാളമായുണ്ട്.

ചർമ്മത്തിന്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് കിവിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവും കിവിയ്ക്കുണ്ട്. അതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും ചെയ്യും.

ഓറഞ്ചിലുള്ളതിനെക്കാൾ രണ്ടിരട്ടി വിറ്റാമിൻ സി കിവിയിലുണ്ട്. നേന്ത്രപ്പഴത്തിൽ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയിൽ അടങ്ങിയിരിക്കുന്നു. സെറോടോണിൻ അടങ്ങിയിട്ടുള്ളതിനാൽ കിവി കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കിവി സഹായിക്കും.