2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോൺഗ്രസ് ഇല്ലാതാകും; അമിത് ഷാ

ജോധ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം സർക്കാരുകളുള്ള പഴയ വലിയ പാർട്ടി മാത്രമാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോൺഗ്രസ് ഇല്ലാതാകും. ഛത്തീസ്ഗഢിലും രാജസ്ഥാനിലും കൂടി ബിജെപി സർക്കാർ രൂപീകരിച്ചാൽ അതോടെ കോൺഗ്രസ് അവസാനിക്കും. കോൺഗ്രസിന്റെ ബഹുജന സമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അദ്ദേഹം പരിഹസിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച 41000 രൂപ വിലയുള്ള ടീ ഷർട്ട് വിദേശ വസ്ത്രമാണ്. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ ഗാന്ധി ഒരിക്കൽ പാർലമെന്റിലെ പ്രസംഗത്തിനിടെ പറയുകയുണ്ടായി. എത്രയോ ധീര ഹൃദയങ്ങൾ ത്യാഗം സഹിച്ച നാടാണിത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് രാഹുൽ, രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ടെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. താൻ ഇവിടെ വന്നത് നിങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മിക്കാനാണ്. കോൺഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങൾ നൽകാനേ കഴിയൂ..അവ പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമായി 3500 രൂപ കൊടുക്കുമെന്ന് നിങ്ങൾ പറഞ്ഞിട്ടെന്തായെന്ന് അദ്ദേഹം ചോദിക്കുന്നു.