ചാള്‍സ് മൂന്നാമന്‍ ഇന്ന് അധികാരമേല്‍ക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ ഇന്ന് ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. തുടര്‍ന്ന് പുതിയ രാജാവിന്റെ ആദ്യ പൊതു പ്രഖ്യാപനവും ഉണ്ടാകും. കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍ നിന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഹൈഡ്ഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും ഉണ്ടാകും. ഒരു മണിക്കൂറിനു ശേഷം ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്‌സ്‌ചേഞ്ചില്‍ രണ്ടാമത്തെ പ്രഖ്യാപനവും നടത്തും.

അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍, ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകുകയുള്ളൂ. ജോര്‍ജ് ആറാമന്‍ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂര്‍ണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് നടന്നത്.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം. പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും.