‘പാല്‍തു ജാന്‍വര്‍’: കണ്ടിരിക്കേണ്ട സിനിമയെന്ന് മന്ത്രി ചിഞ്ചു റാണി

ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രം ‘പാല്‍തു ജാന്‍വര്‍’ ഇഷ്ടപ്പെട്ടെന്നും കേരളത്തിലെ എല്ലാ ലൈഫ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാരും വെറ്ററിനറി ഡോക്ടര്‍മാരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു.

സ്വന്തം മക്കള്‍ക്ക് അസുഖം വരുമ്‌ബോള്‍ പരിപാലിക്കുന്നത് പോലെ ചിത്രത്തിലെ കഥാപാത്രം വളര്‍ത്തുമൃഗത്തോട് കാണിക്കുന്ന സ്നേഹം ഉള്ളില്‍ തട്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം കാര്‍ണിവല്‍ തിയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികള്‍ക്കും കൗതുകമായി. മന്ത്രിയുടെ പ്രതികരണം ബേസില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്ററിനറി ആശുപത്രിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.