ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അയാന് മുഖര്‍ജി എന്നിവരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിഷേധവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ അംഗങ്ങള്‍ ആണ് ഉജ്ജയിനില്‍ തര്‍ക്കം ഉണ്ടാക്കിയത്.
രണ്‍ബീര്‍ കപൂറിന്റെ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള മുന്‍കാല പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ചൂരല്‍ പ്രയോഗിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘ഞങ്ങള്‍ രണ്‍ബീര്‍ കപൂറിനെതിരെ പ്രതിഷേധിക്കുന്നു. നമ്മുടെ ഗോമാതാവിനെതിരെ അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയ അദ്ദേഹത്തെ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു’, പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ബീഫ് കഴിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍ ‘ഗോമാത’യെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം, ക്ഷേത്രം സന്ദര്‍ശിക്കാനിരുന്ന രണ്‍ബീറിനെയും ആലിയയെയും കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്നും, എന്നാല്‍ പൊലീസ് ചൂരല്‍ പ്രയോഗിച്ചതായും ബജ്റംഗ്ദള്‍ പ്രവര്ത്തകന് പറയുന്നതായ വീഡിയോയും പ്രചരിക്കുന്നുണ്ട്.

