ഡൽഹിയിൽ നിന്നും സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ആകാശ എയർ; ബുക്കിംഗ് ആരംഭിച്ചു

ന്യഡൽഹി: ഡൽഹിയിൽ നിന്നും സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ആകാശ എയർ. ഉത്തരേന്ത്യയിൽ കൂടുതൽ വിപുലീകരണത്തിനാണ് ആകാശ എയർ പദ്ധതിയിടുന്നത്. അടുത്ത മാസം ഡൽഹിയിൽ നിന്നും ഫ്‌ളൈറ്റുകൾ ആരംഭിക്കാൻ ആകാശ എയർ തീരുമാനിച്ചു. ഒക്ടോബർ 7 മുതൽ ഡൽഹിയ്ക്കും അഹമ്മദാബാദിനുമിടയിൽ സർവീസ് നടത്താൻ ഒരുങ്ങുന്ന എയർലൈൻ ഫ്‌ലൈറ്റുകളുടെ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക് 4,578 രൂപ മുതൽ ആരംഭിക്കും.

ഒക്ടോബർ 7 മുതൽ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവ്വീസുകളുടെ ബുക്കിംഗും ആരംഭിച്ചു. 7,005 രൂപയായിരിക്കും ഈ റൂട്ടിലെ നിരക്കെന്നാണ് വിവരം. ഓഗസ്റ്റ് 7 നാണ് ആകാശ എയർ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശ വാങ്ങിയിരുന്നു.

സിഇഒയും സ്ഥാപകനുമായ വിനയ് ദുബെയും സഹസ്ഥാപകനായ ആദിത്യ ഘോഷുമാണ് എയർലൈൻസിനെ നയിക്കുന്നത്. 2018 വരെ 10 വർഷം ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയുടെ പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് ഘോഷ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ വാങ്ങാനാണ് ആകാശ എയർ പദ്ധതിയിടുന്നത്.