വന്ദേ ഭാരത് റെഡി; പരീക്ഷണയോട്ടം വിജയിച്ചു

ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിരുന്നു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിനിന്റെ എല്ലാ കോച്ചുകളും പ്രത്യേകം ഘടിപ്പിച്ച മോട്ടോറിലാണ് ഓടുന്നത്. പരീക്ഷണയോട്ടത്തില്‍ ‘ബ്രിം ടെസ്റ്റി’ല്‍ കോച്ചിലെ സ്നാക്സ് ടേബിളില്‍ വക്ക് വരെ വെള്ളം നിറച്ച ഗ്‌ളാസ് 180-183 കിലോ മീറ്റര്‍ സ്പീഡിലും തുളുമ്ബാതെ നിന്നു.

അതേസമയം, സാധാരണ ട്രെയിന്‍ പോലെ പ്രധാന എന്‍ജിന്‍ ഇതിന് ഇല്ല. ഓട്ടോമാറ്റിക്ക് വാതിലുകളുള്ള ശീതീകരിച്ച ചെയര്‍ കാര്‍ കോച്ചുകളില്‍ വശങ്ങളിലേക്ക് തിരിച്ചിട്ട് പുറത്തേക്ക് നോക്കിയിരിക്കാന്‍ കഴിയുന്ന വിധത്തില്‍ 180 ഡിഗ്രി വരെ തിരിക്കാന്‍ പറ്റുന്ന കസേരകളാണ് വന്ദേ ഭാരതിനുള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ച ട്രെയിന്‍ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.