തിരുവനന്തപുരം: സംസ്ഥാനത്ത് സ്പീക്കര്‍ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവും ആലുവ എംഎല്‍എയുമായ അന്‍വര്‍ സാദത്ത് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. സെപ്റ്റംബര്‍ 12നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്.
അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍ ഷംസീറിനെ സ്പീക്കറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സ്പീക്കര്‍ സ്ഥാനത്തു നിന്നു രാജിവച്ച എം.ബി രാജേഷ് പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് 12നു രാവിലെ 10നാണ് നിയമസഭ ചേരുക. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടത്തുക. തുടര്‍ന്നു വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

