കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നൽകാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി; നീക്കത്തിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്‌ൻ

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നൽകാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. സാംസ്‌ക്കാരിക മണ്ഡലത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഉന്നത സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സർവകലാശാലാ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനപരിശോധിക്കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്‌ന്റെ ആവശ്യം. ഡിഗ്രിയ്ക്ക് ഗവർണറോടും കാലിക്കറ്റ് വൈസ് ചാൻസലറോടും കമ്മിറ്റി ആവശ്യപ്പെട്ടു.

ജാതിമത പ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷ സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കുവാൻ അപ്രധാനിയായ ഒരു സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസിലർ അനുമതി നൽകിയത്. രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് പോലും ഡിലിറ്റ് ബിരുദം നൽകുവാൻ വിസമ്മതിച്ചിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇവർ രണ്ടു പേർക്കും ഡിലിറ്റ് ബിരുദം നൽകി ആദരിക്കുവാനുള്ള പ്രമേയം അനുഭാവപൂർവ്വം പരിഗണിച്ചത്. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെ നിർത്തുവാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് ഡോക്ടറേറ്റ് നൽകാനുള്ള കാലിക്കറ്റിന്റെ തീരുമാനം. സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയിട്ടുള്ളവരുടെ സംഭാവനകൾ പരിശോധിച്ച ശേഷം, ഇവർ രണ്ടുപേരും സാംസ്‌കാരിക – വൈജ്ഞാനിക മേഖലകൾക്ക് നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുവാൻ കാലിക്കറ്റ് സർവ്വകലാശാല തയ്യാറാവണമെന്നും കമ്മിറ്റിയിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.