നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കിയത് അടിയന്തരമായി റദ്ദാക്കാനും അധികമായി അനുവദിച്ച ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
അതേസമയം, വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് കാലത്ത് ചെലവു ചുരുക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയിരുന്നു. ജീവനക്കാര്‍ മൂന്നു മാസത്തില്‍ കൂടുതല്‍ അവധിയെടുക്കുകയാണെങ്കില്‍ ഈ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് അധിക ചെലവിന് ഇടയാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. എന്നാല്‍, നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്നാണ് ധനവകുപ്പിന്റെ നിലപാട്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്.കെ. സിംഗ് കുറ്റപ്പെടുത്തി.
കൊവിഡ് സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച ആഘാതം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ചെലവ് നിയന്ത്രണം കര്‍ശനമായി പാലിക്കണം. അവധിയിലുള്ളവര്‍ക്ക് പകരം സ്ഥാനക്കയറ്റം നല്കി ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യരുത്. എന്നാല്‍, വിരമിക്കലിന് മുന്നോടിയായിട്ടുള്ള അവധിക്ക് നിര്‍ദ്ദേശം ബാധകമല്ല.

