ന്യൂഡൽഹി: ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മഹാത്മാ ഗാന്ധി സർവകലാശാല. വിഷയവുമായി ബന്ധപ്പെട്ട് രേഖ രാജും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസ്സറായി രേഖ രാജിനെ നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
രേഖ രാജിന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നൽകിയ നിയമനം റദ്ദാക്കിയതിനൊപ്പം രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകിയെന്നുമായിരുന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. സെലക്ഷൻ കമ്മിറ്റി പിഎച്ച്ഡിയ്ക്ക് ലഭിക്കേണ്ട ആറു മാർക്ക് നിഷ വേലപ്പൻ നായർക്ക് കണക്കാക്കിയിരുന്നില്ല. റിസർച്ച് പേപ്പറുകൾക്ക് എട്ടുമാർക്കാണ് രേഖാ രാജിന് നൽകിയത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി മൂന്നു മാർക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. തുടർന്നാണ് രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാൻ എം.ജി സർവകലാശാല തീരുമാനിച്ചത്. അഭിഭാഷക സാക്ഷി കക്കറാണ് സർവകലാശാലയുടെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസ്സർ നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

