3500 കിലോമീറ്റർ; ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുന്നു, ഔദ്യോഗിക ഉദ്ഘാടനം കന്യാകുമാരിയിൽ

തിരുവനന്തപുരം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമാകുന്നു. കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയിൽ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ വൈകുന്നേരം അഞ്ചിനാണ് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി രാജീവ്ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ അദ്ദേഹം ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിക്കും.

വെകിട്ട് മൂന്നു മണിയ്ക്ക് അദ്ദേഹം തിരുവള്ളൂർ സ്മാരകവും പിന്നീട് വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദർശിക്കും. ശേഷം അദ്ദേഹം ഗാന്ധിമണ്ഡപത്തിലെത്തി പ്രാർത്ഥനായോഗത്തിൽ പങ്കുചേർന്ന് യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണപതാക സ്വീകരിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.

സെപ്തംബർ 11-ാം തീയതിയാണ് യാത്ര കേരളത്തിൽ പ്രവേശിക്കുന്നത്. 29 വരെയാണ് യാത്ര കേരളത്തിൽ പര്യടനം നടത്തുക. എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ യാത്രയുടെ ഭാഗമാകും.

അതേസമയം, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുൽഗാന്ധി യാത്ര ആരംഭിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിരം പദയാത്രികരും അണിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.