കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തുന്നത്. മൊളോയ് ഘട്ടക്കിന്റെ അസൻസോളിലെയും കൊൽക്കത്തയിലെയും വസതികളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.
അസൻസോളിലും കൊൽക്കത്തയിലുമായി മൊളോയ്ക്ക് നിരവധി വീടുകളുണ്ട്. ആറു സ്ഥലങ്ങളിൽ നിലവിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. റെയ്ഡ് നടക്കുന്നതിൽ ഒരു വീട്ടിൽ ഘട്ടകിന്റെ ഭാര്യയുണ്ട്. എന്നാൽ, ഘട്ടക് എവിടെയാണുള്ളതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഘട്ടക്കിന്റെ അസൻസോളിലെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
കൽക്കരി കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ കൽക്കരി അഴിമതിക്കേസിൽ 2020ൽ സിബിഐ സമർപ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ മാസം, ബംഗാൾ കൽക്കരി കള്ളക്കടത്ത് കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു, മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് വിനയ് മിശ്ര, ഓപ്പറേഷന്റെ കിംഗ്പിൻ എന്ന് ആരോപിക്കപ്പെടുന്ന അനുപ് മാജ്ഹി എന്ന ലാല തുടങ്ങിയവർ ഉൾപ്പെടെ 41 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

