തിരുവനന്തപുരം: ശശി തരൂർ എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ കേരളത്തിലുള്ളവർ മനസാക്ഷി വോട്ട് ചെയ്യട്ടെയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനാണ് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത്. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാൻ കെപിസിസി ഇറങ്ങില്ലെന്നും മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജി 23 നേതാക്കളെ ഉൾക്കൊള്ളാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്നം. തിരുത്തലിന് ശ്രമിച്ചവരുമായി നല്ല ബന്ധം വേണമായിരുന്നു. ഗാന്ധി കുടുംബത്തോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.
അതേസമയം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും. കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 3,570 കിലോമീറ്റർ കാൽനടയായാണ് യാത്ര. 2023 ജനുവരി 30-ന് യാത്ര സമാപിക്കും. രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാം എന്ന മുദ്രാവാക്യമാണ് യാത്ര മുന്നോട്ട് വെക്കുന്നത്.
കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് പദ്ധതിയിട്ടത്.

