ദുബായ്: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നിര്‍ത്തി ശ്രീലങ്ക മറികടന്നു. അവസാന മൂന്നോവറില്‍ 34 റണ്‍സും രണ്ടോവറില്‍ 25 റണ്‍സുമായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എബാദത്ത് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ 17 റണ്‍സടിച്ച ചമിക കരുണരത്‌നെയാണ് ലങ്കയെ ജയത്തിന് അടുത്തെത്തിച്ചത്. മെഹ്ദി ഹസനെറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ തന്നെ ലക്ഷ്യം മറികടന്ന് ലങ്ക സൂപ്പര്‍ ഫോറില്‍ കടന്നു. 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

