‘കെജിഎഫ്’ പ്രചോദനമായി; 19 കാരന്‍ കൊലപ്പെടുത്തിയത് നാല് പേരെ

ഭോപ്പാല്‍: യഷ് നായകനായ കെജിഎഫ് എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 19 കാരന്‍ മധ്യപ്രദേശിലെ സാഗര്‍ ടൗണില്‍ കൊലപ്പെടുത്തിയത് നാല് പേരെ. ശിവപ്രസാദ് ധ്രുവെ എന്ന 19 കാരനാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കെജിഎഫ് എന്ന ആക്ഷന്‍ ചിത്രത്തിലെ നായകനായ റോക്കി ഭായിയാണ് 19 കാരന് പ്രചോദനമായത്. പ്രശസ്തനാകാന്‍ വേണ്ടിയാണ് താനിങ്ങനെ ചെയ്തത് എന്ന് 19 കാരന്‍ വെളിപ്പെടുത്തി. പണം സമ്ബാദിച്ച് ഭാവിയില്‍ പോലീസുകാരെ ലക്ഷ്യമിടാനായിരുന്നു ഈ ക്രൂരതകള്‍ എന്നും ഇയാള്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും ഇയാള്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അമിതമായി ആക്ഷന്‍ ചിത്രങ്ങള്‍ കാണുന്ന 19 കാരന്‍ അത് ജീവിതത്തിലും നടപ്പിലാക്കാന്‍ ശ്രമിച്ചു എന്നാണ് പോലീസ് കണ്ടെത്തല്‍.