തിരുവനന്തപുരം: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നല്കാന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.
ഓഗസ്റ്റ് 14ന് പാല് വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വച്ചാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. രണ്ട് കാലില്‍ ആറിടത്തും മുഖത്ത് കണ്ണിനോട് ചേര്‍ന്നും നായയുടെ കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് വാക്സിനുകളും സ്വീകരിച്ചു. നാലാമത്തെ കുത്തിവയ്പ്പ് ഈ മാസം പത്തിന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചിരുന്നു.
അതേസമയം, അഭിരാമിയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചെങ്കിലും എക്സ്റേയില്‍ കുഴപ്പമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വീട്ടില്‍ വിടുകയായിരുന്നു. എന്നാല്‍, ഇന്നലെ കുട്ടിയുടെ വായില്‍ നിന്ന് പത വന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

