അപ്രതീക്ഷിത നടപടി; സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് എ എൻ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് എ എൻ ഷംസീർ. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷംസീർ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം സംസ്ഥാന സമിതി അംഗം, കണ്ണൂർ സർവകലാശാലയുടെ പ്രഥമ ചെയർമാൻ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എൽഎൽഎം ബിരുദധാരിയായ അദ്ദേഹം തലശ്ശേരി പാറാൽ ആമിനാസിൽ റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എൻ.സെറീനയുടെയും മകനാണ്. സി എം സഹലയാണ് അദ്ദേഹത്തിന്റെ ഭാര്യ. തലശ്ശേരിയിൽ നിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയാകുന്നത്.

സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയിലേക്കും തെരഞ്ഞെടുത്തു. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പകരക്കാരനായി രാജേഷിനെ തെരഞ്ഞെടുത്തത്. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത തദ്ദേശം, എക്‌സൈസ് വകുപ്പുകളാണു രാജേഷിനു ലഭിക്കുക. ചൊവ്വാഴ്ചയാണ് രാജേഷിന്റെ സത്യപ്രതിജ്ഞ.