ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാർക്ക് എം എ യൂസഫലിയുടെ സമ്മാനം; 15 കോടി ചെലവിട്ട് നിർമ്മിച്ച മന്ദിരത്തിലുള്ളത് അത്യാധുനിക സൗകര്യങ്ങൾ

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാർക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാൻ ബഹുനില മന്ദിരം നിർമ്മിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഗാന്ധിഭവൻ പുതിയ മന്ദിരം സ്ഥിതി ചെയ്യുന്ന അങ്കണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം എത്തിയത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ട്രസ്റ്റി പ്രസന്നാ രാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പാവപ്പെട്ട മൂന്ന് അമ്മമാർ ചേർന്നായിരിക്കും കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി ഗാന്ധിഭവൻ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അവിടുത്തെ അമ്മമാരെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചു. 15 പേർ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത അമ്മമാരുള്ളു. ബാക്കിയെല്ലാവരും മക്കളാലുപേക്ഷിച്ചവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പല രാത്രികളിലും അവരെയോർത്ത് ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമ്മിച്ചു നൽകണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉമ്മയില്ലാത്തവരുടെ ദുഃഖം അനുഭവിക്കുന്ന എത്രയോ പേരുണ്ട്. താൻ ലോകത്തിൽ എവിടെയായാലും തന്റെ ഉമ്മാനെ കാണാൻ പോകാറുണ്ട്. രണ്ട് മാസത്തിനിടയ്ക്ക് പോയി ഉമ്മയേയും ഉപ്പയേയും കണ്ടിരുന്നു. അബുദാബിയിൽ വന്ന് താമസിക്കാൻ പറയും. എന്നും ഓഫീസിലേക്ക് പോകുമ്പോൾ ഉമ്മയുടെ നെറുകയിൽ ഉമ്മവച്ചിട്ടാണ് ഞാൻ പോകാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മയാണ് പാവപ്പെട്ടവരെ സഹായിക്കണമെന്ന് തനിക്ക് ആദ്യം പറഞ്ഞു തന്നത്. തന്റെ ഉമ്മ ഒരുപാട് രാജ്യത്ത് ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്ത മാതാവാണ്. താൻ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും താൻ എന്നാലാവുന്ന രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഒരുപാട് പേർ തന്നെ കുറ്റപ്പെടുത്താറുമുണ്ട്. തന്നെ വ്യക്തിപരമായി അക്രമിക്കുന്ന ഒരുപാട് സോഷ്യൽ മീഡിയയുമുണ്ട്. എന്നാൽ, അതിനെ ഒന്നും താൻ മുഖവിലക്കെടുക്കാറില്ല. മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ നന്നായി ബോദ്ധ്യപ്പെടുത്തണം. മക്കളുപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണെന്നും അത്തരം നീചമായ സംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പതിനഞ്ചു കോടിയോളം തുക മുടക്കിയാണ് യൂസഫലി ഗാന്ധി മന്ദിരത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിച്ചത്. രണ്ട് ലിഫ്റ്റുകൾ, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദസൗകര്യങ്ങൾ, പൊതുവായ പ്രാർത്ഥനാഹാൾ കൂടാതെ മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡൈനിങ് ഹാളുകൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണസംവിധാനങ്ങൾ, ഡോക്ടർമാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, ഓഫീസ് സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. 300 പേർക്കാണ് ഇവിടെ താമസിക്കാൻ കഴിയുക.