ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. നായനാര്‍ പാസാക്കിയ നിയമത്തിന് 23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി. ലോകായുക്തക്കു ജുഡീഷ്യല്‍ പദവി ഇല്ലെന്നും, ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

അതേസമയം, നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞു. ലോകായുക്ത വിധിയില്‍ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാന്‍ ആകും? മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം.