കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകണമെന്നായിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന ഉത്തരവ്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസിയെന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നും അപ്പീലിൽ പറയുന്നു.
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ കൊടുക്കാൻ കഴിയൂവെന്നും ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

