ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ ആരുമുണ്ടാകില്ലെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ നേരത്തെ അറിയിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നത് രാഹുലിന്റെ ഉറച്ച നിലപാടാണെന്നും കുടുംബപാര്‍ട്ടി എന്ന വിമര്‍ശനം ശക്തമാകുന്നതിനാലാണ് പ്രിയങ്കയും മത്സരിക്കാത്തതെന്ന് എഐസിസി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കുന്നില്ലെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് ജി23 വിഭാഗം നല്‍കുന്ന സൂചന. മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. ഇതിനിടെ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്നും വിട്ടതോടെ കാശ്മീരില്‍ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. 51 നേതാക്കള്‍ ആസാദിന്റെ പാര്‍ട്ടിയുമായി സഹകരിക്കാനായി കോണ്‍ഗ്രസ് വിട്ടു.

