തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് സിപിഎം നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഉൾപ്പെടെയുള്ള നേതാക്കളാണ് കോടിയേരിയെ കാണാൻ എത്തിയത്. അനാരോഗ്യം മൂലം വിശ്രമത്തിൽ കഴിയുകയാണ് കോടിയേരി ബാലകൃഷ്ണൻ.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു ഈ സാഹചര്യത്തിലാണ് നേതാക്കൾ അദ്ദേഹത്തെ കാണാൻ ഫ്ളാറ്റിലേക്കെത്തിയത്. ചികിത്സ നടത്താനായി കോടിയേരി തിങ്കളാഴ്ച്ച ചെന്നൈയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്-സമിതി യോഗങ്ങൾ ഇന്നും നാളെയുമായി ചേരുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന് അവധി നൽകി താൽക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന കാര്യം യോഗം തീരുമാനിക്കും. രാവിലെ ചേർന്ന യോഗങ്ങൾക്ക് ശേഷമാണ് നേതാക്കൾ കോടിയേരിയെ കാണാൻ വേണ്ടിയെത്തിയത്.
എം വി ഗോവിന്ദൻ, എ വിജയരാഘവൻ, എ കെ ബാലൻ, എം എ ബേബി, ഇ പി ജയരാജൻ തുടങ്ങിയ നേതാക്കളാണ് കോടിയേരിക്ക് പകരക്കാരനായി സിപിഎം നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം.

