സംസ്ഥാനത്തെ വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പ്രാധാന്യമറിയിച്ചുള്ള ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ ഇന്ന് കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും. സമരവുമായി മുന്നോട്ട് പോകണമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീണുപോകരുതെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്.
തുറമുഖ സമരത്തിന്റെ 13 ആം ദിവസമായ ഇന്ന് ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക. അതേസമയം, പ്രശ്‌നം പരിഹരിക്കാനായി മന്ത്രിമാരായ വി അബ്ദുറഹ്മാനും ആന്റണി രാജുവും ഇന്ന് യോഗം ചേരുകയും, ശേഷം സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. വേഗത്തില്‍ സമവായം സാധ്യമാക്കാനാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം.
തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം തുറമുഖ നിര്‍മ്മാണമാണ് .ഈ പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.

