പാകിസ്താൻ, ചൈന എന്നിവിടങ്ങളിലുള്ള വിവിധ കോളിങ്ങ് ആപ്പുകൾക്ക് ഇന്ത്യയിലേക്ക് റൂട്ട് നൽകി; സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ പുതിയ കണ്ടെത്തൽ

കോഴിക്കോട്: പാകിസ്താൻ, ചൈന എന്നിവിടങ്ങളിലുള്ള വിവിധ കോളിങ്ങ് ആപ്പുകൾക്ക് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതികൾ ഇന്ത്യയിലേക്ക് റൂട്ട് നൽകിയതായി കണ്ടെത്തി പോലീസ്. എന്നാൽ, ഈ കോളുകൾ ആരിലേക്കാണ് എത്തിയത് എന്ന് ഫോൺ നമ്പർ മാത്രം വെച്ച് മനസ്സിലാക്കുക ദുഷ്‌ക്കരമാണ്. മറ്റാരുടെയോ പേരിലുള്ള സിം കാർഡുകളാണ് ഫോൺ വിളികൾ സ്വീകരിക്കുന്നവരും ഉപയോഗിക്കുന്നതെന്നാണ് ഇത് കണ്ടെത്താനുള്ള പ്രധാന പ്രതിസന്ധി.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഷബീറിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയുടെ പണമിടപാടുകൾ സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2021 ജൂലൈ ഒന്നിനാണു കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണു കോഴിക്കോട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്സ്ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തൃശൂർ, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്ളൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് ‘റൂട്ട്’ വിൽപന നടത്തിയിരുന്നെന്നും ഇബ്രാഹിം പുല്ലാട്ടിൽ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.