തുക അനുവദിച്ചിട്ടും പൂര്‍ത്തിയാവാത്ത ടൂറിസം പദ്ധതികളുടെ പണം തിരിച്ചു പിടിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കി തുക അനുവദിച്ച പൂര്‍ത്തിയാവാത്ത ടൂറിസം പദ്ധതികളുടെ പണം തിരിച്ചു പിടിക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. 250 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയാവാനുള്ളത്. മരാമത്ത് വകുപ്പു പോലെ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കുകയാണ് ലക്ഷ്യം.

അതേസമയം, സംസ്ഥാനത്തെ എല്ലാ ടൂറിസം ഓഫീസുകളിലും തുക കൈപ്പറ്റിയ ശേഷം പൂര്‍ത്തിയാകാത്ത പദ്ധതികളുടെ പട്ടിക തയ്യാറാക്കാനും തുക തിരിച്ചു പിടിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിയമം.

തിരുവനന്തപുരത്തെ പട്ടികയും തുകയും ഇങ്ങനെ

കോവളം ആവാട് തുറ-ഗ്രീന്‍ വില്ല ഹൗസ് വരെ താങ്ങ് ഭിത്തി നിര്‍മ്മാണം-1.91 കോടി

അരുവിക്കര ടൂറിസം പദ്ധതി- 1.70 കോടി

കഴക്കൂട്ടം-കുളങ്ങര പില്‍ഗ്രിം ഹെറിറ്റേജ് പദ്ധതി- 4.95 കോടി

വേളി ടൂറിസം വില്ലേജ് ചുറ്റുമതില്‍-6.22 ലക്ഷം

വര്‍ക്കല പാപനാശം-ഹെലിപാഡ് നടപ്പാത-26 ലക്ഷം

പദ്ധതി വിഹിതം സമയബന്ധിതമായി ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജനങ്ങളുടെ നികുതിപ്പണം ദുര്‍വിനിയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.