ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയം കൈകാര്യം ചെയ്യാനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം അദ്ധ്യക്ഷന്‍ ജോസ് കെ മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ ഉത്തരവ് പുറത്തുവന്ന് മൂന്ന് മാസമാകുമ്പോഴാണ് ജോസ് കെ മാണി അതൃപ്തി അറിയിക്കുന്നത്. പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ വിവരശേഖരണത്തിന്റെ വിശദാംശങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നേരിട്ടെത്തി പഠനം നടത്തണമെന്നാണ് ആവശ്യം
അതേസമയം, 2022 ജൂണ്‍ മൂന്നിലെ വിധി പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും സംരക്ഷിത വനങ്ങളുടെയും ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ പരിസ്ഥിതിലോല മേഖലയിലെ ജനവാസ മേഖലകള്‍ സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, കേരള റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയുടെ സഹായത്തോടെ ഒരുപരിധിവരെ ഈ വിവരങ്ങള്‍ ശേഖരിച്ചതായാണ് വനംവകുപ്പ് അറിയിക്കുന്നത്. ഇതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയ്ക്ക് നല്‍കിയിരുന്നെങ്കിലും ഇത് മതിയാകില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

