ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ടീമുകളാണ് കപ്പ് ലക്ഷ്യമിട്ട് മത്സരിക്കുക. ഇതില്‍ ഇന്ത്യയും പാകിസ്ഥാനും ഹോങ്കോംഗും എ ഗ്രൂപ്പിലും ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനും ബി ഗ്രൂപ്പിലുമാണ്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്കെത്തും.
അതേസമയം, നാളെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക്കല്‍ പോരാട്ടം. നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ, കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിയ്ക്ക് പകരം വീട്ടാനാകും ഇറങ്ങുക. രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും റിഷഭ് പന്തും അടങ്ങിയ ബാറ്റിംഗ് നിര ശക്തമാണ്. ടി20 ലോകകപ്പിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാകും ഏഷ്യാ കപ്പ്. പേസര്‍ ജസ്പ്രീത് ബുമ്ര ടീമില്‍ ഇല്ലാത്തത് ബൗളിംഗിന്റെ മാറ്റ് കുറച്ചേക്കും.

