ആലപ്പുഴ: സെപ്റ്റംബര്‍ നാലിനു പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം. ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ പങ്കെടുക്കാനെത്തുമ്പോള്‍ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടി എത്തിയാല്‍ നിയന്ത്രണങ്ങള്‍ പിന്നെയും കടുക്കാനാണ് സാധ്യത.

