തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.
സംഭവത്തിൽ കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.ആർഎസ്എസ് – ബിജെപി ക്രിമിനൽ സംഘം അക്രമം നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ അടക്കമുളള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
അതേസമയം, ബിജെപിയും ആർഎസ്എസും നാടിൻറെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.

