വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം മുറുകെപ്പിടിച്ചു; കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര വ്യോമയാനമന്ത്രി

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശ്രീലങ്കൻ വിമാനങ്ങൾക്ക് ടെക്‌നിക്കൽ ലാൻഡിംഗ് അനുവദിച്ചതിനാണ് അദ്ദേഹം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് അഭിനന്ദനം അറിയിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ 120 ൽ അധികം വിമാനങ്ങൾക്കാണ് ഇരു വിമാനത്താവളങ്ങളിലുമായി ലാൻഡിംഗ് അനുവദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വസുധൈവ കുടുംബകം എന്ന ഇന്ത്യൻ പാരമ്പര്യം മുറുകെപ്പിടിച്ച തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനം. പതിവു ജോലിക്കപ്പുറം, ഇരു വിമാനത്താവളങ്ങളിലുമായി ശ്രീലങ്കയിലേക്കുള്ള 120ൽ അധികം വിമാനങ്ങൾക്കാണ് ടെക്‌നിക്കൽ ലാൻഡിങ് അനുവദിച്ചത്. നമ്മുടെ അയൽക്കാരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഈ പ്രവൃത്തി തീർച്ചയായും സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.