ലണ്ടൻ: ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ വലിയ പിന്തുണ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക്കിന് ലഭിച്ചു. 358 എംപിമാരിൽ 88 പേരുടെ പിന്തുണയാണ് സുനാക്കിന് ലഭിച്ചത്. ജൂനിയർ വ്യാപാര മന്ത്രി പെന്നി മൊർഡൗന്റാണ് രണ്ടാം സ്ഥാനത്തുള്ളത്. 67 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. വിദേശകാര്യമന്ത്രി ലിസ് ട്രൂസാണ് മൂന്നാം സ്ഥാനത്തുള്ളത്. 50 വോട്ടാണ് അദ്ദേഹം നേടിയത്.
ചുരുങ്ങിയത് 30 എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ ഒരാൾക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയൂ. മത്സരരംഗത്തുണ്ടായിരുന്ന ജെറമി ഹണ്ട്, നധീം സവാഹി എന്നിവർ ഈ കടമ്പ കടക്കാനാകാത്തതിനാൽ പിന്മാറി. ആവശ്യത്തിനു പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെ തലേദിവസം മൂന്ന് പേരും മത്സരരംഗത്ത് നിന്നും പിന്മാറിയിരുന്നു.
മുൻ മന്ത്രി കെമി ബാദെനോക്, അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, പാർലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അധ്യക്ഷൻ ടോം ടുഗെൻധാറ്റ് എന്നിവരാണ് ഇനി മത്സര രംഗത്ത് ബാക്കിയുള്ളത്. നാലോ അഞ്ചോ ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലൂടെയാകും അവസാന മത്സരാർഥികളെ ടോറി (കൺസർവേറ്റീവ് പാർട്ടി) എംപിമാർ തിരഞ്ഞടുക്കുക. ഇങ്ങനെ ജയിക്കുന്ന അവസാനത്തെ രണ്ടുപേരിൽനിന്ന് പിന്നീട് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ 2 ലക്ഷത്തിലധികം പേർ നേരിട്ടു വോട്ടു ചെയ്താകും പുതിയ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നത്.

