കൊച്ചി: ഷാജ് കിരണിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്. സംസ്ഥാന സർക്കാരിനെതിരെ ഗൂഢാലോചന നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്ന സിപിഎം നേതാവിന്റെ പരാതിയിലുളള കേസിന്റെ അടിസ്ഥാനത്തിലാണ് ഷാജ് കിരണിന്റെ മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചത്.
2 മണിക്കൂർ 50 മിനിട്ട് നേരത്തോളമെടുത്താണ് ഷാജ് കിരണിന്റെ മൊഴി രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുകൾ സഹിതമുളള രഹസ്യമൊഴിയാണ് നൽകിയതെന്ന് ഷാജ് കിരൺ വ്യക്തമാക്കി. സ്വപ്ന സുരേഷ് നൽകിയ റിട്ട് ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്വപ്നയുടെ കളളത്തരം വെളിവാക്കുന്ന തെളിവുകൾ ഉടൻ പുറത്തുവിടുമെന്നുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഹൈക്കോടതിയിൽ ഷാജ് കിരൺ അറിയിച്ചത്.
സിപിഎം നേതാവും പാലക്കാട് ഇടത് മുന്നണി സ്ഥാനാർത്ഥിയുമായിരുന്ന സി പി പ്രമോദാണ് ഡിവൈഎസ്പിയ്ക്ക് പരാതി സമർപ്പിച്ചത്. കസബ പൊലീസാണ് പരാതിയിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

