സെമിനാര്‍ വിഷയം ജെന്‍ഡര്‍ പൊളിറ്റിക്‌സ്; വിദ്യാര്‍ഥികളെ ഇരുത്തിയത് മറകെട്ടി വേര്‍തിരിച്ച്; പരിപാടിക്കെതിരെ പ്രതിഷേധം

തൃശൂര്‍: ജെന്‍ഡര്‍ പൊളിറ്റിക്‌സ് എന്ന വിഷയത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സെമിനാര്‍ വിവാദമാകുന്നു. ആണ്‍- പെണ്‍ വിദ്യാര്‍ത്ഥികളെ തുണികൊണ്ട് മറകെട്ടി വേര്‍തിരിച്ച് ഇരുത്തിയതാണ് വിവാദത്തിന് കാരണമായത്.

മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ ആറിന് സംഘടിപ്പിച്ച സെമിനാര്‍ വിസ്ഡം നേതാവ് അബ്ദുള്‍ ബേസില്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

അതേസമയം, വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാര്‍ത്ഥി നേതാക്കളാണ് പരിപാടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. എന്നാല്‍, പരിപാടിക്ക് കോളേജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.