കൊച്ചി: പാലക്കാട് ചേര്‍ന്ന ചിന്തന്‍ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ‘പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ല. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പരാതി പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല’- അദ്ദേഹം വ്യക്തമാക്കി.
ചിന്തന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മദ്യപിച്ചെത്തിയ വിവേക് നായര്‍ കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റെ കത്തിലുള്ളത്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.
ദളിത് വിഭാഗത്തില്‍ നിന്ന് വരുന്ന താന്‍ സംഘടനയില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതില്‍ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവര്‍ത്തകര്‍ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നും കേരളത്തിന്റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നല്‍കിയ പരാതിയില്‍ പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ വിവേക് നായര്‍ പ്രതികരിച്ചു.

