കോഴിക്കോട്: രാജ്യസഭാ എംപിയായി ബിജെപി നാമനിര്‍ദേശം ചെയ്ത പ്രശസ്ത കായിക താരം പി ടി ഉഷക്ക് നേരെ ഒളിയമ്പെയ്ത് സിപിഎം നേതാവ് എളമരം കരീം രംഗത്ത്. ഉഷയുടെ പേര് പറയാതെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
‘സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ട്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’- എളമരം കരീം പറഞ്ഞു.
മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

