കൊച്ചി: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളം ജില്ലയില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നതിനാല് കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് കറുത്ത വസ്ത്രം ധരിച്ച് നടന്നു പോയ രണ്ട് ട്രാന്സ്ജെന്ഡേഴ്സിനെ തടഞ്ഞു.
കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു.
അതേസമയം, ‘മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അത് ചോദ്യം ചെയ്യാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ല. പിണറായി വിജയന് എറണാകുളത്ത് വരുന്നു എന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് ജീവിക്കേണ്ടേ’-അവര്‍ ചോദിച്ചു. പ്രതിഷേധം വൈകാരികമായതോടെ പോലീസ് ഇടപെട്ട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

