ജസ്റ്റിന്‍ ബീബറിന്റെ മുഖത്തിന്റെ വലത് ഭാഗം കോടിപ്പോവാന്‍ കാരണമായ രാംസേ ഹണ്ട് സിന്‍ഡ്രോമിനെ കുറിച്ചറിയാം

പ്രശസ്ത പോപ്പ് ഗയകന്‍ ജസ്റ്റിന്‍ ബീബറിന് രാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗാം ബാധിച്ച് വലതു കണ്ണ് ചലിപ്പിക്കാനാകാത്ത അവസ്ഥ വരികയും മുഖം കോടിപ്പോവുകയും ചെയ്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗായകന്‍ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.

രാംസേ ഹണ്ട് സിന്‍ഡ്രോമിനെ കുറിച്ചറിയാം

സാധാരണയായി കാണാറുള്ള ചൊറി ചിരങ്ങ് എന്നിവപോലുള്ള ഒരു സങ്കീര്‍ണ്ണതയാണ് രാംസേ ഹണ്ട് സിന്‍ഡ്രോം. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വി സെഡ് വി വൈറസ് തന്നെയാണ് ഈ രോഗത്തിനും കാരണമാകുന്നത്. എന്നാല്‍, ഇവിടെ ചൊറിയും വീക്കവും വരുന്നത് ബാഹ്യമായിട്ടല്ല എന്നു മാത്രം. ചിക്കന്‍പോക്‌സ് വന്ന് സുഖപ്പെട്ടാലും അതിനു കാരണമായ വൈറസ് നമ്മുടെ ശരീരത്തില്‍ തന്നെ തുടരും. ദീര്‍ഘകാലത്തെ സുഷുപ്താവസ്ഥക്ക് ശേഷം അത് ഒരുപക്ഷെ ഉണര്‍ന്ന് സജീവമാകും.

രണ്ടാം വരവില്‍ ഈ വൈറസുകള്‍ പ്രധാനമായും ബാധിക്കുക മുഖത്തെ നാഢീ ഞരമ്ബുകളേയായിരിക്കും. അവയില്‍ അസ്വാസ്ഥ്യങ്ങളും വീക്കവും ഉണ്ടാക്കിയായിരിക്കും ഈ വൈറസ് രണ്ടാം തവണ മനുഷ്യ ശരീരത്തെ ആക്രമിക്കുക. നിദ്രാവസ്ഥയില്‍ ഉള്ളിടത്തോളം കാലം ഈ വൈറസ് നമ്മുടേ ശരീരത്തിന് ദോഷകരമല്ല, എന്നാല്‍ നിദ്രയില്‍ നിന്നും ഉണര്‍ന്ന് കഴിയുമ്‌ബോഴാണ് ഈ പ്രശ്‌നം ഉണ്ടാവുക. ശരീരത്തിലെ പ്രതിരോധ ശേഷി കുറഞ്ഞ് വൈറസുകളെ തുരത്താന്‍ കഴിയാത്ത സഹചര്യം ഉണ്ടാകുമ്‌ബോഴാണ് ഇവ നിദ്രാവസ്ഥയില്‍ നിന്നും ഉണരുക.

അതിയായ മാനസിക സമ്മര്‍ദ്ദം വൈറസുകളെ ഉറക്കം വിട്ട് എഴുന്നേല്ക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കണക്കില്‍ പറയുന്നത് 1 ലക്ഷം അമേരിക്കക്കാരില്‍ അഞ്ചു പേര്‍ക്ക് വീതം ഈ രോഗാവസ്ഥ ഉണ്ടാകുന്നു എന്നാണ്. ഏകദേശം സമാനമായ രീതിയിലുള്ള ഭീഷണി ബ്രിട്ടനിലും നിലനില്‍ക്കുന്നുണ്ട് എന്നാണ് ബ്രിട്ടനെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസസും പറയുന്നത്. സാധാരണയായി കുട്ടികളെ ഇത് ബാധിക്കാറില്ല. 60 വയസ്സ് കഴിഞ്ഞവരിലാണ് ഇത് കാണാറ്.

മുഖ പേശികള്‍ കോടുക, കണ്ണുകള്‍ അടയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക, രുചി വ്യത്യാസം അനുഭവപ്പെടുക, മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്തുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുക, ഭക്ഷണം കഴിക്കാനും, സംസാരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ മൂന്നു ദിവസത്തിനകം ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ ആരംഭിക്കണം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

ജസ്റ്റിന്‍ ബീബറുടെ കാര്യത്തില്‍ വലതുകണ്ണ് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അതുപോലെ മുഖത്തിന്റെ വലതുഭാഗം തീരെ നിര്‍ജ്ജീവമായ അവസ്ഥയിലുമായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഗായകന്‍ ഇക്കാര്യ അറിയിച്ചത്. വീഡിയോയില്‍ ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ പ്രകടമായി കാണാവുന്നതാണ്. തനിക്ക് സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും ബുദ്ധിമുട്ടുണ്ട് എന്നും ഗായകന്‍ പറയുന്നുണ്ട്. അതുകാരണം 28 കാരനായ ഈ ഗായകന്‍ അടുത്ത പല ഷോ കളും നീട്ടിവച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങി 72 മണിക്കൂറിനുള്ളില്‍ ചികിത്സ ലഭ്യമാക്കിയാല്‍ ഇത് പൂര്‍ണ്ണമായും മാറ്റാന്‍ കഴിയും എന്നാണ് മായോ ക്ലിനിക്ക്പറയുന്നത്. എഴുപത് ശതമാനം പേര്‍ക്കും ഇത് നിശ്ശേഷം മാറും. മാത്രമല്ല, നാഢിക്കുണ്ടായ പരിക്ക് നിസ്സാരമാണെങ്കില്‍ ഏതാനും ആഴ്ച്ചകള്‍ കൊണ്ടു തന്നെ ഭേദമാക്കാനും സാധിക്കും.