കോട്ടയം: വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് ടൂറിസം ക്ലബുകൾ ആരംഭിക്കാൻ സിബിഎസ്ഇ. വിനോദസഞ്ചാര വൈവിധ്യങ്ങളിലേക്ക് യുവതലമുറയെ ക്ഷണിക്കാനാണ് സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്നത്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുമായി സഹകരിക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചു.
സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ പുതിയ അദ്ധ്യയനവർഷം ടൂറിസം ക്ലബ്ബുകൾ ആരംഭിക്കാനാണ് തീരുമാനം. ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ക്ലബുകളിൽ ഉൾപ്പെടുത്തുന്നത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായുള്ള പരിപാടികൾ ക്ലബിലൂടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ട പരിപാടി ക്ലബ്ബ് ഏറ്റെടുത്ത് നടത്തും. അധ്യാപകരും രക്ഷിതാക്കളുമുൾപ്പെട്ട സമിതിയുടെ നിയന്ത്രണത്തിൽ യാത്രകൾ ഏറ്റെടുക്കാനും അധികൃതർ തീരുമാനിച്ചു.
ക്ലബിലൂടെ സാമ്പത്തിക മാനേജ്മെന്റ് ഉൾപ്പെടെയുള്ള പരിശീലനവും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ കീഴിൽ ഉല്ലാസയാത്ര, ഇ-ടൂറിസം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾക്ക് തൂലികാ സുഹൃത്ത് സമ്പാദനം, മറ്റുസംസ്ഥാനങ്ങളുടെ ഭാഷ സംസാരിക്കാൻ പഠിക്കൽ തുടങ്ങിയവയും നടപ്പിലാക്കും. ടൂറിസം ക്ലബ്ബുകളുടെ നടത്തിപ്പിനായി സ്കൂളുകൾക്കായുള്ള കൈപ്പുസ്തകം ടൂറിസം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അധ്യയനവർഷാരംഭത്തിൽത്തന്നെ സ്കൂളുകളിൽ ഇവ വിതരണം ചെയ്യും.

