ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; പരിശോധനകള്‍ ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

സംസ്ഥാനത്ത് സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭ്യമാക്കിയിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും, എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനോ അല്ലെങ്കില്‍ ലൈസന്‍സോ നിര്‍ബന്ധമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

‘സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഇത്തരം പരിശോധനകള്‍ ഏറെ പ്രധാനമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടര്‍ പരിഷ്‌ക്കരിക്കണം. പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഉണ്ടാകരുത്. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. അടപ്പിച്ച കടകള്‍ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇവ ചട്ടങ്ങള്‍ പാലിച്ച് നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം. സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളില്‍ ജില്ലാതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിശകലനം ചെയ്യണം. അസി. കമ്മീഷണര്‍മാര്‍ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തില്‍ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. എഫ്എസ്എസ്എഐ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സുരക്ഷ തേടാവുന്നതാണ്’- മന്ത്രി വ്യക്തമാക്കി.