സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം; ഇക്കണോമിക് ഒഫെൻസസ് വിങ്ങിന്റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പോലീസിൽ പ്രത്യേകം രൂപം നൽകിയ ഇക്കണോമിക് ഒഫെൻസസ് വിങ്ങിന്റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഇക്കണോമിക് ഒഫെൻസസ് വിങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കും.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകൾ തടയുകയാണ് ഇക്കണോമിക് ഒഫെൻസസ് വിങ്ങിന്റെ ലക്ഷ്യം. മികച്ച സാങ്കേതികപരിജ്ഞാനവും സാമ്പത്തികകുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയവുമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത്. 226 എക്‌സിക്യൂട്ടീവ് തസ്തികകളും എഴ് മിനിസ്റ്റീരീയൽ തസ്തികകളും ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൻറെ പുതിയ ആസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടനവും ബുധനാഴ്ച ഇതോടൊപ്പം നടക്കും. 2018 ലാണ് സ്റ്റേറ്റ് പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിന് വേണ്ടി ആസ്ഥാനമന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. 8.41 കോടി രൂപ മുടക്കി 38,120 ചതുരശ്ര അടിയിൽ നാലു നിലകളിലായാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൻറെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 45 ഓളം മുറികൾക്ക് പുറമെ കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ വിപുലമായ സംവിധാനങ്ങൾ ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടവും ബുധനാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. മഴയും വെള്ളപ്പൊക്കവും ഉൾപ്പെടെയുളള പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് പുളിങ്കുന്ന് പോലീസ് സ്റ്റേഷൻറെ രൂപകല്പന. മൂന്നു നിലകളിലായി 3700 ൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടം വെള്ളം കയറാത്തവിധത്തിൽ തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി, വയനാട് എന്നീ ആറ് ജില്ലകളിലെ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറികൾ, തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, വെള്ളരിക്കുണ്ട് എന്നീ പോലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങൾ, നവീകരിച്ച കാസർഗോഡ് ജില്ലാ പോലീസ് ഓഫീസ് എന്നിവയും ബുധനാഴ്ച പ്രവർത്തനമാരംഭിക്കും.

കൂടാതെ, കേരള പോലീസ് അക്കാദമിയിലെ പോലീസ് റിസർച്ച് സെന്റർ, പി.റ്റി നേഴ്‌സറി എന്നിവയും ബുധനാഴ്ച നിലവിൽ വരും. പോലീസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ പോലീസ് റിസർച്ച് സെൻറർ എന്ന ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്. രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. സാധാരണയുള്ള കായിക പരിശീലനത്തിന് പകരം ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം ലഭ്യമാക്കുകയാണ് പോലീസ് അക്കാദമിയിൽ പുതുതായി ആരംഭിച്ച ഫിസിക്കൽ ട്രെയിനിങ് നഴ്‌സറിയുടെ ഉദ്ദേശ്യം.