കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ചങ്ങലപൊട്ടിയ പട്ടിയെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിയന്ത്രിക്കാനും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു മുഖ്യമന്ത്രിയാണ് തേരാപ്പാര ഇങ്ങനെ നടക്കുന്നതെന്ന് ഓർമ്മവേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ പട്ടി എങ്ങനെയാണ് പോകുക, അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയെ പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടില്ല. ഞങ്ങൾ അർഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ. അർഹതയില്ലാത്തത് ചോദിക്കുന്നത് അവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂർണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നിൽക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാർത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.
കോൺഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരിൽ സംഘടിപ്പിച്ച ചിന്തൻശിബറിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോൺഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങൾ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ മറ്റ് കോൺഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടാകും. രാഷ്ട്രീയ പ്രവർത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കുമ്പോൾ മാത്രമേ രാഷ്ട്രീയം ജനങ്ങൾക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്ടിച്ച് സംഘർഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

